വലിയ ചുടുകാട്ടില്‍ സമരസഖാക്കളോടൊപ്പം വി എസ്: പോരാട്ടജീവിതത്തിന് സമാപനം
ആലപ്പുഴ: പുന്നപ്ര സമരനായകര്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് ശ്മശാനത്തില്‍ സമരനായകന്‍ വി എസ് അന്ത്യവിശ്രമത്തിലായി. കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് സമീപത്ത് വിഎസും വിശ്രമിച്ചു. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയെല്ലാം സംസ്‌കാരച്ചടങ്ങുകള്‍ നടന്ന ഇടമാണ് വലിയ ചുടുകാട്. പുന്നപ്ര സമരനേതാവായിരുന്ന പി കെ ചന്ദ്രാനന്ദന്‍, കെ ആര്‍ ഗൗരിയമ്മ തുടങ്ങിയ നേതാക്കള്‍ അന്ത്യവിശ്രമം കൊളളുന്നിടം. ഇനി അവര്‍ക്കൊപ്പമാണ് വിഎസും. വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിലെ ഇടതുഭാഗത്തായിരുന്നു സംസ്‌കാരം. രാമച്ചവും വിറകും കൊതുമ്പും മാത്രം ഉപയോഗിച്ച ചിതയ്ക്ക് മകന്‍ അരുണ്‍ കുമാര്‍ തീ പകര്‍ന്നപ്പോള്‍ ജനം മുദ്രാവാക്യം വിളികളോടെ യാത്ര അയപ്പ് നല്‍കി. ശക്തമായി പെയ്ത മഴയത്തും നിറഞ്ഞൊഴുകിയ കണ്ണുനീര്‍ തുടച്ച് മാറ്റുകയായിരുന്നു പ്രവര്‍ത്തകര്‍. മറ്റ് ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല. വിഎസിന്റെ പോരാട്ടജീവിതവുമായി ലയിച്ചുചേര്‍ന്നതാണ് വലിയ ചുടുകാടിന്റെ ചരിത്രം. വിഎസിന് അറിയുന്നവരും വി എസിനെ അറിയുന്നവരുമെല്ലാം രക്തസാക്ഷികളായി. വിഎസിലെ നേതാവിനെ കണ്ടെത്തിയ പി കൃഷ്ണപിളള, പോരാട്ടങ്ങള്‍ക്ക് തോളോടു തോള്‍ ചേര്‍ന്നുനിന്ന പി കെ ചന്ദ്രാനന്ദന്‍, കെ ആര്‍ ഗൗരിയമ്മ, പി കെ കുഞ്ഞച്ചന്‍, പികെ വിജയന്‍, സൈമണ്‍ ആശാന്‍, എന്‍ ശ്രീധരന്‍, പി ടി പുന്നൂസ്, ജോര്‍ജ് ചടയംമുറി, സി കെ ചന്ദ്രപ്പന്‍ തുടങ്ങി തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് ഊടും പാവും പകര്‍ന്ന സമുന്നതര്‍ക്കൊപ്പമാണ് ഇനി വിഎസും. ജൂലൈ 21 വൈകുന്നേരം മൂന്നരയോടെയാണ് വി എസ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്കൊടുവിലാണ് തന്റെ വസതിയിലേക്ക് അവസാനമായി വി എസ് എത്തിയത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും റീക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനുശേഷമാണ് വലിയ ചുടുകാട്ടിലേക്ക് എത്തിച്ചത്.